കൊറോണയിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം; സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി

ന്യൂഡെൽഹി: കൊറോണ വ്യാപനം മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കൊറോണ മഹാമാരിയിൽ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തോളം കുട്ടികൾ രാജ്യത്ത് അനാഥാരായെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. ഈ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവിൽ പഠിക്കുന്ന സ്കൂളുകളിൽ തന്നെ തുടര്‍ന്നും പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ സ്കൂളുകൾ ഈ കുട്ടികളുടെ ഫീസ് ഒഴിവാക്കാൻ തയ്യാറാകണം. അതല്ലെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാര്‍ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒരു കാരണവശാലും ഒരു കുട്ടിക്കുപോലും അദ്ധ്യായന വര്‍ഷം നഷ്ടമാകാൻ പാടില്ല. കൊറോണ മൂലം 26,000 ത്തിലധികം കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായി എന്നാണ് കണക്ക്. ഈ കുട്ടികളുടെ പഠനത്തിനും ആവശ്യമെങ്കിൽ സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കൊറോണ കാലത്ത് അനാഥരായ എല്ലാ കുട്ടികൾക്കും സംരക്ഷണം കിട്ടണമെന്നും ജസ്റ്റിസ് എൽ.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ കോടതി നിര്‍ദ്ദേശിച്ചു. അനാഥരായ കുട്ടികളുടെയും രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികളുടെയും വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാനങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. പോര്‍ട്ടലിൽ കേരളം നൽകിയ വിവരങ്ങളിൽ വ്യക്തത കുറവുണ്ടെന്ന് അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാൻ കേരളത്തോട് കോടതി ആവശ്യപ്പെട്ടു.