കാബൂൾ: സുരക്ഷാ ഭീഷണിയുള്ളതിനാൽ കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. അമേരിക്കയും ബ്രിട്ടനുമാണ് മുന്നറിയിപ്പ് നൽകിയത്. അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്ഇതിനിടെയാണ് മുന്നറിയിപ്പ്.
കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം. വിമാനത്താവളത്തിലെ കവാടങ്ങളിലുള്ളവർ ഉടൻ തിരികെ പോകണമെന്ന് യുഎസ് എംബസി അറിയിച്ചു. നിരവധി പേർ കാബൂൾ വിമാനത്താവളത്തിൽ എത്തിയ സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,500 അഫ്ഗാനിൽ നിന്ന് അമേരിക്കയിൽ എത്തിച്ചതായി പെന്റഗൺ വെളിപ്പെടുത്തി. താലിബാൻ ഭീകരർ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് കാബൂൾ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.
യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയിൽ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാൻ താലിബാൻ ഭീകരർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാൻ ഭീകരരും അറിയിക്കുന്നത്.
‘കാബൂൾ വിമാനത്താവളത്തിലെ കവാടങ്ങൾക്ക് പുറത്ത് സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ, യുഎസ് സർക്കാർ പ്രതിനിധികളുടെ വ്യക്തിഗത നിർദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാൻ ഞങ്ങൾ യു.എസ്. പൗരന്മാരോട് നിർദ്ദേശിക്കുന്നു,’ യു.എസ്. എംബസി വക്താവ് അറിയിച്ചു.