സർക്കാരിൻ്റെ സൗജന്യ കിറ്റുകളിൽ ഉൾപ്പെടുത്താൻ ഖാദി ബോർഡ് വിതരണം ചെയ്ത മാസ്​ക്കിൽ 90 ശതമാനവും വ്യാജൻ; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സർക്കാരിൻ്റെ സൗജന്യ കിറ്റുകളിൽ ഉൾപ്പെടുത്താൻ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് വിതരണം ചെയ്ത മാസ്​ക്കിൽ 90 ശതമാനവും വ്യാജഖാദിയെന്ന് പരിശോധനയിൽ കണ്ടെത്തി. കേന്ദ്ര ടെക്സ്​റ്റൈൽ മന്ത്രാലയത്തിന്​ കീഴിലുള്ള കണ്ണൂരിലെ ടെക്​സ്​റ്റൈൽ കമ്മിറ്റി റീജനൽ ലാബിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

മാസ്​ക്കുകളുടെ നിലവാരം സംബന്ധിച്ച്​ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനാണ് പരിശോധന നടത്താനായി നൽകിയത്. ഖാദി ബോർഡിൽ വിതരണം ചെയ്ത മാസ്​ക്കിൽനിന്ന്​ നൂറോളം സാമ്പിളുകളാണ് സപ്ലൈകോയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധനക്കായി കൈമാറിയത്.

ഇതിൽ 10 ശതമാനം മാത്രമാണ്​ ഖാദി എന്നാണ് ലാബ് റിപ്പോർട്ട്. ബാക്കിയുള്ളവ പോളിസ്​റ്റർ അല്ലെങ്കിൽ മറ്റ്​ തുണിത്തരമാണെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓരോ കിറ്റിലും രണ്ടു മാസ്ക്കെന്ന കണക്കിൽ ആകെ 1.72 കോടി മാസ്​ക്കി​ൻ്റെ ഓർഡർ ആണ് ഖാദി ബോർഡിന്​ ലഭിച്ചത്.

കൊറോണ സാഹചര്യത്തിൽ പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സഹായിക്കാനായി നൽകിയ ഓർഡറിലാണ്​ തിരിമറി നടന്നത്. ഇതു സംബന്ധിച്ച്​ വിജിലൻസി​ൻ്റെ പ്രാഥമിക അന്വേഷണം നടന്നുവരുകയാണ്.