കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലേക്ക് അഫ്ഗാന് പൗരന്മാര് പ്രവേശിക്കുന്നത് വിലക്കി താലിബാന് ഭീകരർ. വിമാനത്താവളത്തിലെ ആള്‍ക്കൂട്ടവും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് അഫ്ഗാനികള്‍ വിമാനത്താവളത്തിലേക്ക് ഇനിമുതല്‍ പ്രവേശിക്കരുതെന്ന് താലിബാന് ഭീകരർ വ്യക്തമാക്കി. ഇനി മുതല്‍ വിദേശികള്‍ക്ക് മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശനമെന്ന് താലിബാന് ഭീകരവക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിലെ ജീവിതം സാധാരണഗതിയിലേക്ക് മടങ്ങിവരികയാണ്. കാബൂള്‍ വിമാനത്താവളത്തിലെ തിരക്ക് മാത്രമാണ് പ്രശ്നമായി അവശേഷിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതുവരെ അഫ്ഗാനിലെ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നും സബീഹുള്ള പറഞ്ഞു.
പഞ്ച്ശീറിലെ പ്രശ്നങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും താലിബാന് ഭീകരവക്താവ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 31 നുള്ളില്‍ അമേരിക്കന്‍ സേന പൂര്‍ണ്ണമായും രാജ്യം വിടണം.
യുഎസുമായി അടുപ്പം പുലര്‍ത്തിയിരുന്ന ആളുകളുടെ വീടുകള്‍തോറും കയറിയിറങ്ങി പരിശോധന നടത്തുന്നു എന്ന വാദം തെറ്റാണെന്നും അങ്ങിനെയൊന്നില്ലെന്നും സബീഹുള്ള പറഞ്ഞു. യുഎസ്, നാറ്റോ സേനയുമായി അടുപ്പം പുലര്ത്തിയിരുന്നവരുടെ വീടുകളില്‍ താലിബാന് ഭീകരർ പരിശോധന നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സബീഹുള്ളയുടെ അവകാശവാദം.