ഇടുക്കി: ദേവികുളം മുൻ എംഎൽഎയും ഇടുക്കിയിലെ മുതിർന്ന സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെതിരേ പാർട്ടി നടപടിക്ക് സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രാജേന്ദ്രനെതിരേ നടപടിക്ക് കളമൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാജേന്ദ്രൻ സജീവമല്ലായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും മുൻ എംഎൽഎയ്ക്കെതിരേ പരാതി ഉയർന്നു. പാർട്ടി അന്വേഷണത്തിൽ നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും രാജേന്ദ്രനെതിരേ നിലപാടെടുത്തു.
അതേസമയം പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നുമാണ് രാജേന്ദ്രന്റെ വാദം. ഇക്കാര്യം പാർട്ടി അന്വേഷണ കമ്മീഷനെ അദ്ദേഹം അറിയിച്ചു. കമ്മീഷൻ റിപ്പോർട്ട് ഉടൻ സംസ്ഥാന നേതൃത്വത്തിന് ലഭിക്കുമെന്നാണ് വിവരം.