കൊല്ലം: തേന്‍ കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ കുടുങ്ങിയ കരടിയെ രക്ഷപെടുത്തി. മരം മുറിച്ചും മയക്കുവെടി വെച്ചുമാണ് കരടിയെ രക്ഷപെടുത്തിയത്. മലക്കപ്പാറ വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് തേയില തോട്ടത്തിലാണ് കരടി മരത്തില്‍ കുടുങ്ങിയത്.
എസ്റ്റേറ്റിലെ പത്താം നമ്പര്‍ ഫീല്‍ഡിലെ 30 അടിയിലേറെ ഉയരമുള്ള സില്‍വര്‍ റോക്ക് മരത്തിലാണ് രണ്ടുവയസ്സുള്ള ആണ്‍ കരടി കുടുങ്ങിയത്. വലതുകാല്‍ മരച്ചില്ലകള്‍ക്കിടയില്‍ കുരുങ്ങിയതോടെ ഒരു ദിവസം മുഴുവന്‍ മരത്തിലിരുന്ന് ശബ്ദമുണ്ടാക്കിയ കരടിയെ നാട്ടുകാരും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു.
തേയിലത്തോട്ടം തൊഴിലാളികള്‍ കരടിയുടെ ശബ്ദം കേട്ടപ്പോള്‍ ആദ്യം ഭയന്നുമാറി. നിര്‍ത്താതെയുള്ള ‘ദയനീയമായ കരച്ചില്‍’ കേട്ടപ്പോഴാണ് തിരിച്ചുചെന്നത്. വിവരമറിഞ്ഞ് വനപാലകര്‍ എത്തി. കരടി തനിയെ മരത്തില്‍ നിന്നിറങ്ങി പോകുമെന്ന് കരുതി അവര്‍ തിരിച്ചു പോയെങ്കിലും കരടിക്ക് മരത്തില്‍ നിന്നിറങ്ങാന്‍ സാധിച്ചില്ല.
തീപ്പന്തമുണ്ടാക്കി ഭയപ്പെടുത്തി ഇറക്കാനായി അടുത്ത ശ്രമം. അതും വിജയിച്ചില്ല. കരടിയെ ഉയരത്തില്‍ വെച്ച് മയക്കുവെടിവെക്കുന്നത് കുഴപ്പമാവും എന്നതിനാല്‍ മരം മുറിച്ച് രക്ഷപ്പെടുത്താന്‍ തീരുമാനിച്ചു. മരം മുറിച്ച് പതിയെ താഴ്ത്തിയ ശേഷം വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍ സുകുമാരന്‍ മയക്കുവെടി വെച്ചു. മയങ്ങിയ കരടിയുടെ കാല്‍ ചില്ലകള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത ശേഷം അയ്യര്‍പാടിയിലെത്തിച്ച് ചികിത്സ നല്‍കി. പിന്നീട് വനപാലകര്‍ കാട്ടിലേക്ക് തുറന്നുവിട്ടു.
വാല്‍പ്പാറ റേഞ്ച് ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.വാല്‍പ്പാറ മേഖലയില്‍ തേയിലത്തോട്ടത്തില്‍ ഒരു വര്‍ഷത്തിനിടെ നാലു തൊഴിലാളികളെയാണ് കരടികള്‍ ആക്രമിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. സാരമായി പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്.