മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് തക്കാറെയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. അതേസമയം കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചല്ല നാരായണ്‍ റാണയെ അറസ്റ്റ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
മുംബൈ മഹാഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റാണെയ്ക്ക് ജാമ്യം അനുവദിച്ചത്. നാരായണ്‍ റാണെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ ശബ്ദസാമ്പിള്‍ ആവശ്യപ്പെട്ട് ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ശബ്ദസാമ്പിള്‍ മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചു വരികയാണ്.
തിങ്കളാഴാച് റായ്ഗഡില്‍ നടന്ന ജന്‍ ആശീര്‍വാദ് യാത്രയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഉദ്ദവ് താക്കറെയ്‌ക്കെതിരായ റാണെയുടെ പ്രസ്താവന. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് നാണക്കേടാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം പിന്നില്‍ നിന്ന വ്യക്തിയോട് അന്വേഷിച്ചു. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുമായിരുന്നു എന്നാണ് റാണെ പറഞ്ഞത്.
ഇതിനെതിരെ ശിവസേന പൊലീസിനെ സമീപിക്കുകയായിരുന്നു. മൂന്ന് കേസുകളാണ് വിഷയത്തില്‍ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചിരുന്നു.
മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.