തമിഴ്നാട്ടിലേക്ക് കടക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധം; രേഖകളില്ലത്ത 170 പേരെ തിരിച്ചയച്ചു

വാളയാര്‍: കര്‍ണാടകയിലും തമിഴ്നാട്ടിലും ജോലി ചെയ്യുന്നവര്‍ ഓണാവധിക്ക് ശേഷം തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങി. വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ പരിശോധന കര്‍ശനമാക്കിയതാണ് മലയാളികളെ വെട്ടിലാക്കിയത്. തമിഴ്നാട്ടിലേക്ക് പോകാൻ രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയതാണ് അതിർത്തി കടക്കാൻ തടസ്സമാകുന്നത്.

കേരളത്തിലെത്താന്‍ ഒരു വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയായിരുന്നു. ബന്ധപ്പെട്ട രേഖയില്ലാത്ത 170 പേരെ ചൊവ്വാഴ്ച തമിഴ്നാട് തിരിച്ചയച്ചു. ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. പരിശോധന തുടരുമെന്നും ബന്ധപ്പെട്ട രേഖകള്‍ ഉണ്ടെങ്കിലേ കടത്തിവിടൂ എന്നും തമിഴ്നാട് പൊലീസ് അറിയിച്ചു.

തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് മലയാളികളാണ് ഓണാവധിക്ക് വാളയാര്‍ വഴി റോഡ് മാര്‍ഗം കേരളത്തിലെത്തിയത്.
തമിഴ്നാട് ഇ പാസിന് അപേക്ഷിക്കുമ്പോള്‍ രണ്ട് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിനകം എടുത്ത കൊറോണ നെഗറ്റീവായ ആര്‍ടിപിസിആര്‍ പരിശോധനാഫലം എന്നിവ നല്‍കണം.

കുടുംബസമേതം നാട്ടിലെത്തിയ നിരവധി പേര്‍ക്ക് ഓണത്തിരക്കില്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ചമുതലാണ് കേരളത്തില്‍നിന്നുള്ള യാത്രക്കാരെ കര്‍ശനമായി പരിശോധിക്കാന്‍ തുടങ്ങിയത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ പേരെ വലയ്ക്കുമെന്നാണ് സൂചന.