തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീക്ക് നേരെ നടന്ന അതിക്രമത്തിനെ തുടര്‍ന്ന് അഞ്ചുതെങ്ങ് ഫെറോന ആക്ഷന്‍ കൗണ്‍സില്‍ ആരംഭിച്ച സമരം പിന്‍വലിച്ചു. മന്ത്രിതല ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. മത്സ്യക്കച്ചവടം നടത്തുന്ന അല്‍ഫോണ്‍സയ്ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കും.
മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. മന്ത്രിമാരായ ആന്‍റണി രാജുവും ശിവന്‍കുട്ടിയമാണ് ആക്ഷന്‍ കൗണ്‍സിലുമായി ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോന്‍സ പതിറ്റാണ്ടുകളായി ആറ്റിങ്ങല്‍ അവനവന്‍ചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവില്‍പന അവിടെ നിന്നും മാറ്റാനുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അല്‍ഫോണ്‍സ മത്സ്യവില്‍പനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അല്‍ഫോണ്‍സ റോഡില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു.
കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അതിന് ശേഷമാണ് മീന്‍ പിടിച്ചെടുത്തതെന്നും വാഹനത്തില്‍ കയറ്റുമ്പോള്‍ മീന്‍ റോഡില്‍ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീന്‍ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോണ്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.