വാട്‌സാപ്പ് മുഖേനയും ഇനി കൊറോണ പ്രതിരോധ വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി: വാട്സാപ്പ് മുഖേന ഇനി കൊറോണ പ്രതിരോധ വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സംവിധാനത്തോടെ വാക്‌സിന്‍ വിതരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം. വാട്‌സാപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്യാനായി ആദ്യം book slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷില്‍ ടെപ്പ് ചെയ്ത് അയക്കണം.

ഇതിന് ശേഷം ഫോണില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാല്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍, കുത്തിവെപ്പ് എടുക്കുന്ന സമയം എന്നിവയുടെ വിശദാംശങ്ങളറിയാം. കേന്ദ്ര സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഈ രീതിയില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും.

വാട്സാപ്പ് മുഖേന വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ എല്ലാവരിലും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. വാട്‌സാപ്പ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വാട്‌സാപ്പിലൂടെ ഇനി മുതല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്്‌സാപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.