കൊല്ലം: പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് വനം വകുപ്പ്. ജനനേന്ദ്രിയത്തില്‍ ഈച്ച കുത്തിയതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് ആന ചരിയാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. പത്തനാപുരം കുമരംകുടി വനമേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് 25 വയസ് പ്രായം വരുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കുമരംകുടി ഫാര്‍മിങ് കോര്‍പ്പറേഷനോട് ചേര്‍ന്നുള്ള വനത്തിലെ അരുവിക്ക് സമീപമായിരുന്നു ആനയുടെ ശവശരീരം. പകര്‍ച്ച വ്യാധിയോ, വേട്ടക്കാരുടെ ആക്രമണമോ ആകാം ആന ചരിയാന്‍ കാരണമെന്ന് സംശയം ഉയര്‍ന്നു.
ഇതോടെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജനനേന്ദ്രിയത്തില്‍ ഈച്ചയുടെ കുത്തേറ്റ് ഉണ്ടായ അണുബാധയാണ് ആന ചരിയാന്‍ കാരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. മാഗോട്ട് വൂണ്ഡ് എന്ന പേരില്‍ അറിയപ്പെടുന്ന മുറിവുകള്‍ മുമ്പും ആനകളില്‍ ഉണ്ടായിട്ടുണ്ടെന്നും വനം വകുപ്പ് വിശദീകരിച്ചു. ആന ഗര്‍ഭിണിയല്ലെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.