തിരുവനന്തപുരം: മുട്ടിൽ മരം മുറിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് എൻ.ടി. സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മരംമുറിക്കേസിലെ ധർമടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധർമടത്തെ രണ്ട് വ്യക്തികളെക്കുറിച്ച് റിപ്പോർട്ടില്‍ പരമാർശിക്കുന്നത് ഗൗരവതരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുട്ടിൽ മരം മുറി മൂന്ന് പ്രാവശ്യം നിയമസഭയിൽ ഉന്നയിച്ചു. മരം സംരക്ഷിക്കാൻ സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാരന് ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന ധര്‍മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സാധാരണ ട്രാൻസ്ഫർ മാത്രമാണ് സാജനെതിരെ ഉണ്ടായ നടപടി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.