തൃശൂര്‍: 300ഓളം കോടി രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെയും അമ്മയുടേയും പേരിലുള്ളത് 1.38 കോടി രൂപയുടെ വായ്പ കുടിശിക. സഹകരണ ചട്ടം ലംഘിച്ച് തരപ്പെടുത്തിയ ബിനാമി വായ്പകളാണ് ഇതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇരിങ്ങാലക്കുട മാപ്രാണത്തെ ഡിവൈഎഫ്‌ഐ മേഖല നേതാവിന്റെ പേരില്‍ 68.91 ലക്ഷം രൂപയും, ഇയാളുടെ അമ്മയായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പേരില്‍ 69.74 ലക്ഷം രൂപയുമാണ് ബാധ്യത. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നയാളുമായ ബിജു കരീം വഴിയാണ് ഇവര്‍ വായ്പ തരപ്പെടുത്തിയത്.
മതിപ്പുവിലയ്‌ക്കനുസരിച്ചുള്ള ഈടോ ഭൂരേഖകളോ സമര്‍പ്പിക്കാതെയാണ് വായ്പ തരപ്പെടുത്തിയത്. ഓഡിറ്റ് പരിശോധനയില്‍ ഡിവൈഎഫ്‌ഐ മേഖല നേതാവിന്റെയും അമ്മയുടെയും പേരടക്കം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
നിയമപ്രകാരം ഒരാള്‍ക്ക് വായ്പയായി നല്‍കാവുന്ന പരമാവധി തുക 50 ലക്ഷമാണ്.
എല്ലാ ചട്ടങ്ങളും തെറ്റിച്ചാണ് ഒരേ വീട്ടിലുള്ള രണ്ട് പേര്‍ ഇത്ര വലിയ തുക വായ്പ എടുത്തത്. ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചും അതില്‍ നേതാക്കളുടെ പങ്കിനെ കുറിച്ചും ഡിവൈഎഫ്‌ഐയുടെ പ്രാദേശിക കമ്മിറ്റികളില്‍ നേരത്തേയും ചര്‍ച്ചകള്‍ നടന്നെങ്കിലും നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു.