വൻ തുക വായ്പയായി വാ​ഗ്ദാനം ചെയ്ത് ഓൺലൈനിൽ പണം തട്ടിയ നാല് പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: മൊബൈൽ സന്ദേശങ്ങളായും ഫോൺവിളികളായും വൻ തുക വായ്പയായി വാ​ഗ്ദാനം ചെയ്ത് ഓൺലൈനായി പണം തട്ടിയ കേസിൽ നാല് പേ‍ർ അറസ്റ്റിൽ. തമിഴ്നാട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട സ്വദേശികാളാണ് താനൂരിൽ അറസ്റ്റിലയാത്. വീരകുമാർ (33), മുത്തു സരുൺ (32), രാഹുൽ (24), ജിബിൻ (28) എന്നിവരാണ് അറസ്റ്റിലയത്.

കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്ന് പരസ്യവും മൊബൈലിലേക്ക് സന്ദേശവും നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഫോണിൽ വിളിച്ച ശേഷം വിശ്വാസ്യത ലഭിക്കും തരത്തിൽ സംസാരിക്കും. പ്രോസസിം​ഗ് ചാ‍ർജ്, മുദ്രപത്രത്തിന്റെ ഫീസ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ പറഞ്ഞ് വൻ തുക തട്ടിയെടുക്കും. പണം ബാങ്ക് അക്കൗണ്ടിൽ എത്തിയാലുടൻ സിം മാറ്റും.

വീരകുമാറാണ് വ്യാജമായി ആധാറും പാനും നി‍ർമ്മിച്ച് ബെം​ഗളുരുവിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. താനൂ‍ർ സ്വദേശിയായ ഒരാൾക്ക് ലക്ഷങ്ങൾ നഷ്ടമായതോടെ ഇയാൾ നൽകിയ പരാതിയിലാണ് കേസന്വേഷണം നടന്നത്. 8. 61 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്.

പ്രതികളിൽ നിന്ന് 15 മൊബൈൽ ഫോൺ, 16 എടിഎം കാ‍ർഡ്, ബാങ്ക് രേഖകൾ, ആഢംബരക്കാ‍ർ എന്നിവ പിടിച്ചെടുത്തു. ഡിവൈഎസ്പി എം ഐ ഷാജിയും സംഘവുമാണ് ബെം​ഗളുരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി പ്രതികളെ പിടികൂടിയത്. പിടിക്കപ്പെട്ടവരിൽ ബിടെക് ബിരുദധാരിയും ഐടി വിദ​ഗ്ധനും ഉൾപ്പെടും.