ന്യൂഡെല്‍ഹി: ഇന്ത്യയിൽ ഒക്ടോബര്‍ മാസത്തോടെ കൊറോണ മൂന്നാം തരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സമിതി രൂപീകരിച്ച വിദഗ്ധ സമിതി ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കി. മൂന്നാം തരംഗത്തില്‍ ഒന്നും രണ്ടും തരംഗങ്ങളില്‍നിന്നു വ്യത്യസ്തമായി കുട്ടികളിലും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സ് തുടങ്ങിയവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണം. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്‌സിജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കൊറോണ മൂന്നാം തരംഗത്തെ നേരിടാന്‍ അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.