കല്യാണ്‍ സിംഗിന്റെ സംസ്‌ക്കാര ചടങ്ങില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക; പ്രതിഷേധം ശക്തം

ലഖ്നൗ: അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ സംസ്‌ക്കാര ചടങ്ങില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക പുതപ്പിച്ചത് വിവാദത്തില്‍. ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കല്യാണ്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക പുതപ്പിച്ചിരിക്കുന്നത് കാണുന്നുണ്ട്.

ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ദേശീയ പതാകയ്ക്ക് മുകളിലാണ് ബിജെപിയുടെ പതാക. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ കല്യാണ്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ദേശീയപതാകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കുന്നത് ശരിയാണോയെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ചോദിച്ചു.

ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ കൈവെച്ചതിന് നാല് വര്‍ഷത്തോളം കോടതിയില്‍ പോരാടേണ്ടി വന്ന ആളെന്ന നിലയില്‍, ഈ അപമാനത്തെ കുറിച്ച് ഭരണകക്ഷിക്ക് എന്താണ് പറയാനുള്ളതെന്ന് രാജ്യത്തെ അറിയിക്കണമെന്ന് ശശി തരൂരും പറഞ്ഞു.

ഇന്ത്യന്‍ പതാക കോഡിലെ സെക്ഷന്‍ 2.2 (viii) പ്രകാരം, ‘ദേശീയ പതാകയ്ക്ക് ഉയരത്തിലോ മുകളിലോ മറ്റ് പതാക ഉയര്‍ത്തരുത്; പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൂക്കളോ മാലകളോ ചിഹ്നമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും പതാകയുടെ മുകളില്‍ സ്ഥാപിക്കരുത്.എന്നാണ് ചട്ടം. ഈ ചട്ടം ബിജെപി നേതാക്കള്‍ ലംഘിച്ചെന്നും യോഗി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചത്. രണ്ട് തവണ ലോക്‌സഭാ എംപിയായിരുന്നു കല്യാണ്‍ സിംഗ്. യുപിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കല്യാണ്‍ സിംഗായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു യുപി മുഖ്യമന്ത്രി.