തമിഴ്നാട്ടിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. തിങ്കളാഴ്ച മുതൽ പകുതിയാളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാം. അടുത്ത മാസം ഒന്നു മുതൽ 9 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ച് സ്കൂളുകൾ തുറക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിച്ച് മുഴുവൻ കോളേജുകളും അടുത്ത മാസം മുതൽ തുറക്കാനും തീരുമാനം. കടകളുടെ പ്രവർത്തന സമയം രാത്രി 9 വരെയായിരുന്നത് 10 വരെ നീട്ടി.

ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മൃഗശാലകളിലേക്കും നിയന്ത്രണങ്ങളോടെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. മുഴുവൻ സ്റ്റാഫുകളേയും അനുവദിച്ച് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാനും അനുമതി നൽകി. മദ്യം വിളമ്പുന്ന പബ്ബുകൾക്കും ക്ലബ്ലുകൾക്കും തുറന്ന് പ്രവർത്തിക്കാം.കർണാടകത്തിലേക്കും ആന്ധ്രയിലേക്കുമുള്ള പൊതുഗതാഗം പൂർണതോതിൽ പുനഃസ്ഥാപിക്കാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഒരുവർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം. സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കും. 9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമേ ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കൂ. ആഗസ്റ്റ് 16 മുതൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ തുറക്കാനും തീരുമാനമായി. സ്കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.