ന്യൂഡെൽഹി: അഫ്ഗാനിസ്ഥാനിൽനിന്ന് 222 ഇന്ത്യക്കാരെ കൂടി തിരികെ നാട്ടിൽ എത്തിച്ചു. കാബൂൾ വിമാനത്താവളത്തിൽനിന്നു രണ്ടു വിമാനങ്ങളിലാണ് ഇവരെ ഡെൽഹിയിലെത്തിച്ചത്. ഒഴിപ്പിക്കൽ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
താജിക്കിസ്ഥാൻ വഴിയും ദോഹ വഴിയുമാണ് വിമാനങ്ങൾ ഡൽഹിയിലെത്തിയത്. ദോഹ വഴിയെത്തിയ എയർ ഇന്ത്യ വിമാനത്തിൽ 135 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. താജിക്കിസ്ഥാൻ വഴിയെത്തിയ വ്യോമസേനാവിമാനത്തിൽ 87 ഇന്ത്യക്കാരും രണ്ടു നേപ്പാളികളുമാണ് ഉണ്ടായിരുന്നത്.
വിമാനത്തിലുള്ളവർ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ പങ്കുവെച്ചു. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരുടെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.