കാബൂൾ: താലിബാൻ ഭീകരർ നൂറിലേറെ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.
ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി മുതൽ ഇവർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. മലയാളികളുൾപ്പടെയുള്ളവർ സംഘത്തിലുള്ളതായാണ് വിവരം.
കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്.
ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണ്.പ്രശ്‌നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം