നേതൃത്വം അംഗീകരിക്കാത്തതിന് പ്രതികാരം; ഐസിസ് നേതാവിനെ ജയിലിൽ നിന്ന് പിടികൂടി വെടിവച്ച് കൊന്ന് താലിബാൻ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവും തെക്കനേഷ്യയിലെ മുന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെ താലിബാന്‍ ജയിലില്‍ കയറി വെടിവച്ച്‌ കൊലപ്പെടുത്തി. പുലെ ചര്‍ഖി ജയിലില്‍ 2020 മുതല്‍ തടവിലുള‌ള ഖൊറസാനി എന്ന മൗലവി സിയ ഉള്‍ ഹക്ക് 2015 മുതല്‍ അഫ്ഗാനില്‍ ഐസിസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2020ല്‍ ഇയാളെ അഫ്ഗാന്‍ സുരക്ഷാ സേന പിടികൂടി.

ഇതോടെ ഐസിസിന്റെ തലവനായി മൗലവി അസ്ളം ഖുറേഷിയെ നിയമിച്ചു. അഫ്ഗാനിലെ കിഴക്കന്‍ മേഖലയായ ഇസ്ളാമിക് സ്‌റ്റേ‌റ്റ് ഖൊറസ്ഥാന്‍ പ്രവിശ്യ (ഐഎസ്കെപി) സ്ഥാപിച്ചു. അന്നുമുതല്‍ ഇവര്‍ താലിബാന്റെ എതിരാളികളായി. താലിബാന്‍ നേതൃത്വം അംഗീകരിക്കണമെന്ന ആവശ്യം ഐസിസ് പലതവണ തള‌ളിയതും താലിബാന് ഐസിസിനോട് ശത്രുതയ്‌ക്ക് കാരണമായി.

നാല് വര്‍ഷം മുന്‍പ് ജോസ്‌വാന്‍ പ്രവിശ്യയില്‍ ഇരുവിഭാഗവും തമ്മിലെ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ 2000ത്തോളം ഐസിസ് ഭീകരരാണ് അഫ്ഗാനിസ്ഥാനിലുള‌ളത്.