ചണ്ഡിഗഢ്: കരിമ്പ് വിലയില്‍ ന്യായമായ വര്‍ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് ജലന്ധറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെടുത്തി. വെള്ളിയാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയതോടെയാണ് റോഡ് ഗതാഗതം അടക്കം തടസ്സപ്പെടുന്ന രീതിയിലേക്ക് പ്രതിഷേധം നീങ്ങിയത്.
ജലന്ധര്‍-അമൃത്സര്‍ ദേശീയപാതയിലാണ് സമരം നടക്കുന്നത്. നൂറുകണക്കിന് കര്‍ഷകരാണ് റോഡിന് നടുവില്‍ തമ്പടിച്ചിരിക്കുന്നത്. കര്‍ഷക സമരം ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 50 ട്രെയിനുകള്‍ റദ്ദു ചെയ്യുകയും 54 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ കടത്തിവിടുന്നുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ കരിമ്പിന് ഉറപ്പുകൊടുക്കുന്ന വില ഉയര്‍ത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പഞ്ചാബ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം നടപ്പാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.