അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താലിബാന്‍ ഭീകരര്‍ പരിശോധന നടത്തി; കാറുകള്‍ കടത്തികൊണ്ടുപോയി

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാതോടെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലറ്റില്‍ പരിശോധന നടത്തി താലിബാന്‍ ഭീകരര്‍. കോണ്‍സുലേറ്റില്‍ കടന്ന ഭീകരര്‍ രേഖകള്‍ പരിശോധിക്കുകയും പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്തതായി ആണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയോടെ കാണ്ഡഹാറിലേയും ഹേറത്തിലേയും ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് താലിബാന്‍ ഭീകരര്‍ എത്തിയത് എന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും വാഹനങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് പുറമെ, മൂന്ന് കോണ്‍സുലേറ്റുകളാണുള്ളത്. കാണ്ഡഹാറിനും ഹേറത്തും, മസര്‍ ഐ ഷെരീഫിലുമാണ് കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ ഭരണം പിടിക്കുന്നതിന് മുന്‍പ് തന്നെ കോണ്‍സുലേറ്റുകള്‍ ഇന്ത്യ അടച്ചിരുന്നു.

പിന്നീട്, വിവിധ ഘട്ടങ്ങളിലായി എംബസി ജീവനക്കാരെ എയര്‍ ഫോഴ്‌സിന്റെ രണ്ട് സി-17 വിമാനങ്ങളിലായി നാട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ചിലര്‍ ഇപ്പോഴും കാബൂളില്‍ കഴിയുകയാണ്. അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന സഹായം ആവശ്യമുള്ള ഇന്ത്യാക്കാര്‍ വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച പ്രത്യേക അഫ്ഗാന്‍ സെല്ലുമായി ഉടന്‍ ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആളുകള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

300 ലധികം മലയാളികളടക്കം 1650 പേരാണ് മടങ്ങിയെത്തുവാന്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. അനുമതി ലഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത ശേഷം കാബുളില്‍ യുഎസിനെ സഹായിച്ചവരെ കണ്ടെത്തി വകവരുത്താനായി വീടുകള്‍ കയറിയിറങ്ങി താലിബാന്‍ തിരച്ചില്‍ നടത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമാധാനത്തിലൂന്നിയാകും ഭരണമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതിന് പിന്നാലെയാണ് ആശങ്ക പടര്‍ത്തിയുള്ള തെരച്ചില്‍.