ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് എതിരെ ഫെയ്‌സ്ബുക്കും; അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് ഫോട്ടോ നീക്കം ചെയ്തു

ന്യൂഡെല്‍ഹി: ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും. രാഹുലിന്റെ അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് ഫോട്ടോ നീക്കം ചെയ്തു. ഡെല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ കുടുംബത്തെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോയാണ് ഫെയ്‌സ് ബുക്ക് നീക്കം ചെയ്തത്.

തങ്ങളുടെ പോളിസി ലംഘിച്ചതുകൊണ്ടാണ് നടപടിയെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനെ വെളിപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഫേസ്ബുക്കിനോട് ചോദിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാന്‍ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥനെ എന്‍സിപിസിആര്‍ നേരിട്ട് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പെണ്‍കുട്ടിയുടെ കുടുംബം ആരാണെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ വീഡിയോയെന്ന് എന്‍സിപിസിആര്‍ പറഞ്ഞിരുന്നു.

നേരത്തെ ഇതേ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഒരാഴ്ച്ച കാലത്തേക്ക് ലോക്ക് ചെയ്തിരുന്നു. ഇത് പിന്‍വലിച്ച അതേദിവസമാണ് ഫേസ്ബുക്കിനോട് എന്ത് നടപടി സ്വീകരിച്ചതെന്ന് ബാലാവകാശ കമ്മീഷന്‍ ചോദിച്ചത്.