കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ്. ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്.
പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു.
1955-ല്‍ എയര്‍ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.
എയര്‍ ഫോഴ്സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്. അന്നത്തെ എന്‍.ഐ.എസില്‍ എത്തിയ ജി.വി.രാജയുടെ ബഹുമാനാര്‍ഥം ബാസ്‌ക്കറ്റ് ബോള്‍ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം നമ്പ്യാരെ പരിചയപ്പെടുന്നത്.
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 1976 ലാണ് ഒ.എം.നമ്പ്യാര്‍ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയാണ്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.
1985 ല്‍ നമ്പ്യാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി.കൗണ്‍സില്‍ വിട്ട് 1990 ല്‍ നമ്പ്യാര്‍ സായ്യില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരില്‍ സജീവമായിരുന്നു.