കാബൂള്‍: താലിബാന്‍ അനുകൂല പോസ്റ്റുകള്‍ നിരോധിക്കില്ലെന്ന് ട്വിറ്റര്‍. എന്നാല്‍ പോസ്റ്റുകള്‍ കര്‍ശനമായി പരിശോധിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും അക്കൗണ്ടുകള്‍ക്കും ഫെയ്‌സ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു ട്വിറ്റര്‍.
ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കാനും അതീവജാഗ്രത പുലര്‍ത്താനുമാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ട്വിറ്റര്‍ പറഞ്ഞു. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല, എന്നാല്‍ ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്താവ് അറിയിച്ചു.
സഹായം അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി അഫ്ഗാനിലെ ജനങ്ങള്‍ ട്വിറ്ററിനെ ഉപയോഗിക്കുന്നുണ്ട്. ട്വിറ്ററിന്റെ നയങ്ങളെ ലംഘിക്കുന്ന, പ്രത്യേകിച്ച്, അക്രമത്തെ മഹത്വവത്കരിക്കുന്ന ട്വീറ്റുകളുണ്ടായാല്‍ അവക്കെതിരെ നടപടി സ്വീകരിക്കും. തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കുന്ന പോസ്റ്റുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചത്. കമ്പനിയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവിടങ്ങളിലും പോസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് പോസ്റ്റ് ചെയ്തിരുന്ന താലിബാന്‍ അനുകൂല ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ തുടങ്ങിയെന്നും ഫേസ്ബുക്ക് പ്രതിനിധികള്‍ അറിയിച്ചിരുന്നു.
യു എസ് നിയമപ്രകാരം താലിബാന്‍ ഒരു ഭീകര സംഘടനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതോടെ താലിബാന്‍ അല്ലെങ്കില്‍ അവരുടെ പേരില്‍ പരിപാലിക്കുന്ന അക്കൗണ്ടുകള്‍ തങ്ങള്‍ നീക്കം ചെയ്യുന്നതായാണ് ഫെയ്‌സ്ബുക്ക് അറിയിപ്പ്. അഫ്ഗാനില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ പ്രാദേശിക ഭാഷയിലുള്ള താലിബാന്‍ അനുകൂല ഉള്ളടക്കവും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.