കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ അടിച്ചമര്‍ത്തല്‍ നയം ആരംഭിച്ചു. രാജ്യത്തെ പതാക നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇതോടെ ജലാലാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടു.
താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. പന്ത്രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജലാലാബാദിലെ പഷ്തുനിസ്ഥാന്‍ സ്‌ക്വയറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാകയുമേന്തിയാണ് താലിബാനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരില്‍ ചിലര്‍ താലിബാന്‍ പതാക നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
തോക്കുമായി ഭീകരര്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവര്‍ക്കുനേരെയാണ് ഭീകരര്‍ തുരുതുരെ നിറയൊഴിച്ചത്. എന്നാല്‍ സംഭവത്തില്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജലാലാ ബാദിന് സമീപത്തുള്ള ദരോണ്ട സ്‌ക്വയറിലും, ഖോസ്റ്റിലും മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പതാക നീക്കം ചെയ്ത താലിബാന്‍ ഭീകരര്‍ അവരുടെ പതാക ഉയര്‍ത്തുകയും ചെയ്തു.
നേരത്തേ അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്തതുപോലെ മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയുള്ള ഭരണം താലിബാന് ഇനി സാദ്ധ്യമല്ലെന്നതിന്റെ സൂചനകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്.