ന്യൂഡെൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 140 ഇന്ത്യക്കാരെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ രക്ഷപ്പെടുത്തി ഡെൽഹിയിലെത്തിച്ചതു അതിസാഹസികമായി. കാബൂളിൽനിന്നു പാക് വ്യോമപാത ഒഴിവാക്കി ഇറാനു മുകളിലൂടെയാണ് ഇന്ത്യൻ വിമാനം പറന്നത്.
ഇന്ധനം നിറയ്ക്കാനായി ഇന്നലെ രാവിലെ 11ന് ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയ ശേഷമാണു വ്യോമസേനയുടെ പ്രത്യേക വിമാനം ഡെൽഹിയിൽ എത്തിച്ചത്. വളരെയേറെ വെല്ലുവിളികൾ നേരിട്ട ദൗത്യമാണു വിജയകരമായി വ്യോമസേന പൂർത്തിയാക്കിയതെന്നു കാബൂളിലെ ഇന്ത്യൻ സ്ഥാനപതി രുദ്രേന്ദ്ര ടണ്ഠൻ പറഞ്ഞു.
സ്വാതന്ത്ര്യദിനമായ 15ന് കാബൂളിലേക്ക് അയച്ച വിമാനമാണ് ഇന്നലെ തിരികെയെത്തിച്ചത്. തിങ്കളാഴ്ച 45 ഇന്ത്യക്കാരെ വ്യോമസേനയുടെ ആദ്യവിമാനത്തിൽ ഡെൽഹിയിലെത്തിച്ചിരുന്നു.
ഇന്ത്യയുടെ വ്യോമസേനാ വിമാനത്തിൽ 170 പേരെ സുരക്ഷിതരായി രക്ഷപെടുത്തിയെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 36 മലയാളികൾ അടക്കം 1,500ന് അടുത്ത് ഇന്ത്യക്കാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്.
മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്ത്യൻ എംബസിയുടെ സുരക്ഷാ ചുമതലയുള്ള ഇന്തോ -ടിബറ്റൻ അതിർത്തി പോലീസിലെ ഉദ്യോഗസ്ഥരും നാല് മാധ്യമപ്രവർത്തകരും അടക്കമുള്ളവരാണ് അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയത്. മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതിനായി ഓണ്‍ലൈനിൽ എമർജൻസി വീസ നൽകുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിലാണു കാബൂളിൽ നിന്ന് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ രക്ഷിച്ച് ഇന്നലെ നാട്ടിലെത്തിച്ചത്.കൂടുതൽ വ്യോമസേനാ വിമാനങ്ങൾ രക്ഷാപ്രവർത്തനം തുടരും.