ഗുരുവായൂർ : കൗതുക കാഴ്ചയായി ഇരട്ടവാലൻ പല്ലി. ഗുരുവായൂർ ക്ഷേത്രത്തിലെ കഴകം പ്രവൃത്തിക്കാരനായ വടക്കേപ്പാട്ട് കൃഷ്ണകുമാർ വാരിയരുടെ മകൻ മഹേഷ് കൃഷ്ണയാണ് വീടിനുള്ളിൽ ഇരട്ട വാലുള്ള പല്ലിയെ കണ്ടെത്തിയത്. യാദൃശ്ചികമായി കണ്ണിൽ പെട്ട പല്ലിയുടെ ചിത്രം എടുക്കാൻ പല ദിവസം കാത്തിരിക്കേണ്ടി വന്നു.
ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മഹേഷ് കൃഷ്ണ. ഇറ്റലിയിലെ ഗ്രാമങ്ങളിൽ ഇരട്ട വാലുള്ള പല്ലിയെ കണ്ടാൽ ഭാഗ്യം പിന്നാലെ വരുമെന്നാണ് വിശ്വാസം. മലയാളത്തിൽ പല്ലി ചിലയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ പറയുന്ന ഗൗളി ശാസ്ത്രം എന്നൊരു പുസ്തകമുണ്ട്.
ഇരട്ട വാലുള്ള പല്ലി അത്യപൂർവമല്ലെങ്കിലും കൗതുക കാഴ്ചയാണെന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് സുവോളജി വിഭാഗം തലവൻ ഡോ. ബ്രിനേഷ് പറഞ്ഞു. ശത്രുവിലെ പറ്റിച്ച് രക്ഷപ്പെടാൻ വാൽ പൊഴിക്കുന്ന പല്ലിക്ക് രണ്ടും മൂന്നും തവണ വാൽ മുളയ്ക്കാറുണ്ട്.