55 സെന്റീമീറ്റർ നീളം; ഏറ്റവും നീളം കൂടിയ നെല്ലിയില കല്ലാറ്റിൽ

നെടുങ്കണ്ടം: ഏറ്റവും നീളം കൂടിയ നെല്ലിയില. 55 സെന്റീമീറ്റർ നീളം. അപൂർവ്വമായ നെല്ലിയില ഇവിടെ കല്ലാറ്റിലുണ്ട്. വ്യത്യസ്ത തരത്തിലുള്ള ഇലകൾ ശേഖരിക്കുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനാണ് ഇല കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കല്ലാർ വനംവകുപ്പ് ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുറ്റത്ത് നിൽക്കുന്ന നെല്ലി മരത്തിൽ നിന്നാണ് നീളം കൂടുതലുള്ള രണ്ടിലകൾ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ്. പ്രിയേഷ് കണ്ടെത്തിയത്. ഇതോടെ ഈ 2 ഇലകളും നിരീക്ഷിക്കാൻ തുടങ്ങി.

ഇല പഴുത്ത് തുടങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ആശങ്ക. താഴെ വീണ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും. അങ്ങനെ ഇല നിലത്തു വീഴുന്നത് വരെ കാത്തിരിപ്പ് തുടർന്നു. ഇലയ്ക്ക് വീഴാനായി നിലം തൂത്തുവാരി വൃത്തിയാക്കി. വീഴുന്ന മറ്റുള്ള ഇലകളെല്ലാം പെറുക്കി മാറ്റി. അങ്ങനെ 2 മാസം മുൻപ് 2 ഇലകളും നിലത്ത് വീണു. എസ്. പ്രിയേഷിന്റെ നേതൃത്വത്തിൽ ഇല പ്രത്യേക വിധത്തിൽ ഉണക്കി സൂക്ഷിച്ചു. ഒടുവിൽ കല്ലാർ സെക്‌ഷൻ ഓഫിസിന്റെ ഭിത്തിയിൽ നെല്ലിയില സ്ഥാനം പിടിച്ചു.

സംസ്ഥാനത്ത് കണ്ടെത്തിയതിൽ ഏറ്റവും നീളമുള്ള നെല്ലിയില ഇതെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥനായ പ്രിയേഷ് 7 വർഷമായി വൈൽഡ് ലൈഫിൽ ജോലി ചെയ്തിരുന്നു. ഇക്കാലം മുതൽ ഇലകളുടെ വളർച്ച ഘടന എന്നിവയെക്കുറിച്ച് പഠനം നടത്തി വരികയാണ്. വ്യത്യസ്ത ഇലകളുടെ ശേഖരവും പ്രിയേഷിന്റെ പക്കലുണ്ട്. മുടിയ്ക്ക് ആരോഗ്യം നൽകുന്നുണ്ട് നെല്ലിയില.