കാബൂൾ: തിങ്ങിനിറഞ്ഞ് നൂറുകണക്കിന് ആളുകളുമായി പറന്നുയർന്ന യുഎസ് വിമാനത്തിന്റെ കാഴ്‌ച്ച ലോകത്തെ ഭീതിപ്പെടുത്തും. താലിബാന്റെ പിടിയിലമർന്ന അഫ്ഗാനിൽ നിന്ന് ജനങ്ങളുടെ ദുരിതം കാണിക്കുന്ന നിരവധി ചിത്രങ്ങളും, വീഡിയോകളും വന്നിട്ടുണ്ടെങ്കിലും ഈ വിമാനയാത്രയോളം ഭീകരമായ കാഴ്‌ച്ചകൾ കുറവാണ്. യുഎസ് വ്യോമസേനയുടെ സി -17 ഗ്ലോബ്‌മാസ്റ്റർ III ലാണ് 600 ലധികം ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കുന്നത് .
യുഎസ് പ്രതിരോധ, സുരക്ഷാ വാർത്താ സൈറ്റായ ഡിഫൻസ് വണ്ണാണ് ചിത്രം പുറത്ത് വിട്ടത്. സി -17 ൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും, വിമാനത്തിൽ കയറിയ അഭയാർത്ഥികളെ ഇറക്കിവിടാൻ ശ്രമിക്കുന്നതിനുപകരം, പറക്കാനാണ് ജീവനക്കാർ തീരുമാനിച്ചതെന്നും ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
640 അഫ്ഗാൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് . 2013-ൽ ഫിലിപ്പൈൻസിൽ അടിച്ച ചുഴലിക്കാറ്റിൽ നിന്ന് 670 പേരെ സി -17 എത്തിച്ച് ഒഴിപ്പിച്ചിരുന്നു . അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതോടെ അഫ്ഗാനികളും , വിദേശികളും രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടുകയാണ് .
നിർത്തിയിട്ട വിമാനങ്ങളിൽ കയറാൻ ആയിരക്കണക്കിന് പേർ തിക്കുംതിരക്കും കൂട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജനങ്ങളെ പിരിച്ചുവിടാൻ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ ഇതിനോടകം മരിച്ചെന്നാണ് റിപ്പോർട്ട്