ഉത്തർ പ്രദേശിൽ അലിഗഡിന്റെ പേര് ഹരിഗഡ് എന്നു മാറ്റാൻ ശുപാർശ

ലക്നൗ: ഉത്തർ പ്രദേശിലെ അലിഗഡിന്റെ പേര് മാറ്റണമെന്ന് ശുപാർശ. പേര് ഹരിഗഡ് എന്ന് മാറ്റണമെന്നാണ് ആവശ്യം. ജില്ല പഞ്ചായത്ത്‌ ഇത് സംബന്ധിച്ച ശുപാർശ ഉത്തർപ്രദേശ് സർക്കാരിന് കൈമാറി. നിരവധി ബിജെപി എംഎൽഎമാരും നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ഇത് സംബന്ധിച്ച ശുപാർശ കത്ത് സർക്കാരിന് കൈമാറിയിരിക്കുന്നത്.

പഞ്ചായത്ത് ബോർഡ് യോ​ഗത്തിലാണ് അലി​ഗഡിന്റെ പേര് മാറ്റണമെന്ന നിർദേശം ഉയർന്നത്. തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ഏകകണ്ഠമായി നിർദേശം പാസാക്കുകയായിരുന്നു. ഇതിന് ശേഷമാണ് അലി​ഗഡിന്റെ പേര് മാറ്റണമെന്ന ശുപാർശ സർക്കാരിന് നൽകുന്നത്. നേരത്തെ അല​ഹാബാദ്, ഫൈസാബാദ് എന്നീ പ്രദേശങ്ങളുടെ പേരുകൾ സർക്കാർ മാറ്റിയിരുന്നു.

അലഹാബാദ് നിലവിൽ പ്രയാ​ഗ് രാജ് എന്നാണ് അറിയപ്പെടുന്നത്. ഫാസിയാബാദ് അയോധ്യയായി. മു​ഗൾ സരായി എന്നത് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ന​ഗർ എന്നാക്കി സർക്കാർ പേര് മാറ്റിയിരുന്നു. അലി​ഗഡിന് പുറമെ ധനിപൂർ എയർസ്ട്രിപ്പിന്റെ പേര് മാറ്റാനും നിർദേശം ഉയർന്നിട്ടുണ്ട്. കല്യാൺ സിം​ഗ് എയർസ്ട്രിപ്പ് എന്ന് മാറ്റാനാണ് ശുപാർശ.