ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പോലീസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി : ഗുരുതര ഗതാഗത നിയമ ലംഘനത്തിന് അറസ്റ്റിലായ ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പോലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഈ സംശയം ബലപ്പെടുത്തുന്ന തെളിവുകളും പോലീസ് കോടതിയ്‌ക്ക് കൈമാറി.

യൂട്യൂബ് ചാനലിലൂടെ ഇരുവരും കഞ്ചാവ് ചെടികളുമായി നിൽക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവർക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്. ഇതിന് പുറമേ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.

വ്ളോഗർമാരുടെ അറസ്റ്റിന് പിന്നാലെ പോലീസിനും, മോട്ടോർവാഹനവകുപ്പിനും, സർക്കാരിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്. ഇതിൽ വ്ളോഗർമാർക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇ-ബുൾജെറ്റ് വ്‌ളോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.