ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കാബൂളില്‍ നിന്ന് ഒരു സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേന വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറങ്ങി. കാബൂളിലെ എംബസി അടച്ചാണ് ഇന്ത്യ ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കുന്നത്. കാബൂളിലെ എംബസി അടച്ചതിനൊപ്പം രാജ്യത്തെ എല്ലാ നയതന്ത്ര ഓഫീസുകളും പൂട്ടി.
കൂടുതല്‍ വിമാനങ്ങള്‍ കാബൂളിലേക്ക് അയച്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരിച്ചെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളം മുഖേനെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ മടക്കി എത്തിക്കുന്നത്. അഫ്ഗാനില്‍ നിന്നും ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുകയാണ്. ഇതോടെ നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരികെ എത്തിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍ണായക രേഖകളും, തന്ത്രപ്രധാനമായ ഫയലുകളും നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരികെ എത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാബൂളിലെ എംബസിയില്‍ നിന്നുള്ള എല്ലാ ജീവനക്കാരും പുറപ്പെട്ടതായാണ് വിവരം. മറ്റ് പൗരന്മാരെ മടക്കിയെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇന്ത്യയിലേക്ക് എത്താന്‍ അനുവാദം ആവശ്യപ്പെട്ട് ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരും രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അതിവേഗത്തില്‍ തീരുമാനമെടുക്കാനാണ് ഇന്ത്യയുടെ ആലോചന.
എംബിസി അടച്ച് പൂട്ടുന്നത് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ കൈവിടുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലായിരുന്നു കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അത്തരത്തിലുള്ള വാദങ്ങള്‍ അപ്രസക്തമായി. ഇതോടെയാണ് കൂടുതല്‍ പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെ എത്തിക്കാന്‍ ഇന്ത്യ നീക്കം ആരംഭിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്.