പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ വനം വകുപ്പ് ജീവനക്കാരെ പ്രതി ചേർക്കും. ആറ് വനം വകുപ്പ് ജീവനക്കാരെയാണ് സിബിഐ പ്രതി ചേർക്കുക. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ സന്തോഷ്, വി ടി അനിൽകുമാർ, വി എം ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ വി പ്രദീപ്കുമാർ എന്നിവരെയാണ് പ്രതി ചേർക്കുന്നത്.
2020 ജൂൺ 28 വൈകീട്ടാണ് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. വനത്തിൽ സ്ഥാപിച്ച ക്യാമറ തകർത്തെന്നാരോപിച്ചായിരുന്നു ഇത്. അഞ്ചര മണിക്കൂറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്ത വാർത്തയാണ്.
മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.