ന്യൂഡെൽഹി: താലിബാൻ ഭീകരർ കീഴടക്കിയ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് അടിയന്തരമായി വിമാനം തിരിക്കും. ഡെൽഹിയിൽ നിന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
അഫ്ഗാനില്‍ സൈന്യവും താലിബാനും പോരാട്ടം മുറുകിയതോടെ പൗരന്മാരോട് സുരക്ഷിതമായി ഇന്ത്യയിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഏകദേശം ആയിരത്തോളം ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറും എന്ന സാഹചര്യമുണ്ടായതോടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യങ്ങള്‍ തിരിച്ചുവിളിച്ച് തുടങ്ങിയിരുന്നു.
വിചാരിച്ചതിലും വേഗത്തില്‍ താലിബാന് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമ്പോള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ പരമാവധി ആളുകളെ അഫ്ഗാന് മണ്ണില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാബൂളിലെ വിമാനത്താവളം ഇപ്പോഴും അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്.
ഇന്ത്യ ഒഴിപ്പിക്കലിന് തിടുക്കം കാണിക്കുന്നില്ല. എന്നാല്‍ എന്നും താലിബാന്റെ കണ്ണിലെ കരടായ ഇന്ത്യക്ക് ഇത്തരത്തിലൊരു ഉറപ്പ് ലഭിക്കാത്തതിനാല്‍ തന്നെ ഉദ്യോഗസ്ഥരുടെ ജീവന് വച്ച് ഒരു ചൂതാട്ടത്തിനു ഇന്ത്യ മുതിരാന്‍ സാദ്ധ്യതയില്ല.
129 യാത്രക്കാരെയും വഹിച്ചു കൊണ്ട് കാബൂളില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഇന്നലെ രാത്രി എട്ട് മണിയോടെ ഡെല്‍ഹിയില്‍ എത്തിചേര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാന് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് അഹമിദസായ് ഉള്‍പ്പെടെയുള്ള യാത്രക്കാരുമായാണ് ഈ വിമാനം ഡെല്‍ഹിയില്‍ ഇറങ്ങിയത്.
തന്റെ ജീവന് ഏതു സമയത്തും അപകടത്തില്‍പ്പെടാം എന്നു മനസിലാക്കിയതിനാലാണ് രാജ്യം വിട്ടത്. എത്രയും വേഗം തന്റെ കുടുംബാംഗങ്ങളെയും അവിടെ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അഹമിദസായ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നേരത്തേ പ്രസിഡൻ്റും വൈസ് പ്രസിഡൻറും രാജ്യം വിട്ടിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹമായിരിക്കും ഇന്ത്യപോലുള്ള ലോകരാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്നം. താജികിസ്ഥാന്‍, ഇറാന് മുതലായ രാഷ്ട്രങ്ങളിലേക്കാണ് അഫ്ഗാനിസ്ഥാനികള് കൂടുതലും പാലായനം ചെയ്യുന്നതെങ്കിലും ഇന്ത്യയിലേക്കും ഇവരുടെ ഒഴുക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖ് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇന്ത്യ അഭയം നല്കാന് സാദ്ധ്യതയുണ്ട്.
അതേസമയം, താലിബാന് നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാൻ പതാക ഉയർത്തിയിരുന്നു.
നേരത്തെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന്റെ പേര് ഇതായിരുന്നു.