മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവം; നഗരസഭാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്; നടപടി കണ്ണിൽ പൊടിയിടാനെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ നഗരസഭാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മുബാറക്, ഷിബു എന്നിവർക്കാണ് നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നഗരസഭ അദ്ധ്യക്ഷൻ നോട്ടീസ് നൽകിയത്. രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നിർദ്ദേശം.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് അംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി. മുബാറക്കും, ഷിബുവും ചേർന്നാണ് അവനവൻചേരി സ്വദേശിനിയുടെ മീൻകുട്ട ചവിട്ടിതെറിപ്പിച്ചത്. അതേസമയം ആളുകളുടെ കണ്ണിൽ പൊടിയിടാനണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.

നഗരസഭാ ജീവനക്കാരുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികൾ തുറമുടക്കി പ്രതിഷേധിച്ചു. അഞ്ച്‌തെങ്ങിലെ തീരദേശ പാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച മത്സ്യബന്ധനവും , വിപണനവും ഉണ്ടായിരുന്നില്ല. നഗരസഭാ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.