അഫ്‌ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പ്രവേശനം നിഷേധിച്ച് താജിക്കിസ്ഥാന്‍; അമേരിക്കയില്‍ അഭയം തേടി ഗനി

കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലായതോടെ രാജ്യം വിട്ട നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനി അമേരിക്കയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഫ്‌ഗാനില്‍ നിന്ന് പലായനം ചെയ്ത അദ്ദേഹത്തിന് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കിയില്ല. ഇതിനെത്തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗനി ഇപ്പോള്‍ ഒമാനിലാണ്.
താലിബാന്‍ കാബൂളില്‍ പ്രവേശിച്ച ഉടനാണ് അഷ്റഫ് ഗനി രാജ്യം വിട്ടത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ രാജ്യം വിട്ടതെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് ഗനി വ്യക്തമാക്കിയിരുന്നു.

അതിനിടെ ഇപ്പോഴും രാജ്യത്ത് തുടരുന്ന മുന്‍ അഫ്‌ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ദേശീയ അനുരഞ്ജന ഹൈ കൗണ്‍സില്‍ തലവനുമായ അബ്ദുള്ളയും സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ താലിബാനുമായി ഇപ്പോഴും ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ പെണ്‍കുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കര്‍സായി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സന്ദേശത്തില്‍ അദ്ദേഹം താലിബാനോട് അഭ്യര്‍ത്ഥിച്ചിരുന്നു.അതിനിടെ രാജ്യത്ത് പലയിടത്തും തങ്ങളുടെ കാടന്‍ നയങ്ങള്‍ താലിബാന്‍ നടപ്പാക്കിത്തുടങ്ങി.