പെഗാസസ് ; കേന്ദ്രം വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് സുപ്രീം കോടതി; അന്വേഷണത്തിന് വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പെഗാസസ് ചാര സോഫ്ട് വെയര്‍ വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി. കോടതിക്ക് വ്യക്തമായ വിവരങ്ങള്‍ ആവശ്യമാണ്. പെഗാസസ് ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതാണ് കോടതി ആരാഞ്ഞത്. അതിന് വ്യക്തമായ മറുപടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

കോടതി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്നും അവ കണക്കിലെടുക്കണമെന്നും സുപ്രീം കോടതിയില്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി തുഷാര്‍മേത്തയാണ് കോടതിയില്‍ ഹാജരായത്. എന്നാല്‍ മറ്റൊരു സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോയെന്ന് കോടതി ചോദിച്ചു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പെഗാസസ് ഉപയോഗിച്ച് ആരുടെയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഐടി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം ആവര്‍ത്തിച്ചിരിക്കുന്നത്.

അതേസമയം പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഊഹാപോഹങ്ങളുടെയും അപൂര്‍ണമായ മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നിലവിലെ ആരോപണങ്ങളെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.