ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തി ബിജെപി കൗണ്‍സിലർ വെട്ടിലായി

തിരുവനന്തപുരം: സഹോദരന്‍റെ ഇന്ത്യന്‍ ആര്‍മിയിലെ യൂണിഫോമിട്ട് ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ബിജെപി കൗണ്‍സിലര്‍ വെട്ടിലായി. തിരുവനന്തപുരം കോര്‍പറേഷന്‍ പാപ്പനംകോട് ഡിവിഷന്‍ കൗണ്‍സിലറും യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയുമായ ആശാ നാഥാണ് ചിത്രങ്ങള്‍ വച്ചത്. സ്വാതന്ത്ര്യദിനത്തിലാണ് ആശാ നാഥ് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ചിറയിൻകീഴ് സ്ഥാനാർഥി കൂടിയായിരുന്നു ആശാനാഥ്.

സംഭവം പ്രോട്ടോക്കോള്‍ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നുമടക്കമുള്ള കമന്‍റുകള്‍ വന്നതോടെ ആശ നാഥ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിൽ ജോലി ചെയ്യുന്ന സഹോദരന്‍റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്നാണ് ആശ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്.

‘എന്നും അഭിമാനവും ആദരവും ആഗ്രഹവുമാണ് ഈ യൂണിഫോമിനോട്, പ്രത്യേകിച്ച് എന്‍റെ സ്വന്തം അനുജന്റെ ആകുമ്പോള്‍’ എന്നായിരുന്നു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആശ എഴുതിയത്.

ഇന്ത്യയുടെ സേനവിഭാഗത്തിന്‍റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. 2016ലും 2020ലും സൈനികരല്ലാത്തവർ സൈനിക യൂണിഫോം ധരിക്കുന്നത് വിലക്കികൊണ്ട് കരസേന ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.