ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനില്‍ അധികാരം കൈയ്യടക്കിയ ഭീകരസംഘടനയായ താലിബാനെ പരസ്യമായി അംഗീകരിച്ച് ചൈന. അഫ്ഗാനിസ്ഥാനുമായുള്ള സഹകരണവും സൗഹൃദവും ആഴപ്പെടുത്തുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. ഇതോടെ താലിബാനെ ഭരണകേന്ദ്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന.
ചൈനയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് താലിബാന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാന്റെ പുനരുദ്ധാരണത്തിലും വികസനത്തിലും ചൈനയുടെ പങ്കാളിത്തം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്ന് ചൈനീസ് വക്താവ് പറഞ്ഞു.
‘തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചൈന പൂര്‍ണ്ണമായും അംഗീകരിക്കുന്നു. സൗഹാര്‍ദപരവും സഹകരണത്തിലൂന്നിയതുമായ ബന്ധമാണ് ചൈന അഫ്ഗാനുമായി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നത്,’ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്യങ് മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറ്റം പ്രഖ്യാപിച്ച പിന്നാലെ തന്നെ ചൈന താലിബാനെ അംഗീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. താലിബാനുമായി ചൈന അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്‍ ടിയാന്‍ജിനുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദികളെ പരിപോഷിക്കുന്ന ഇടമായി അഫ്ഗാനെ വളര്‍ത്തില്ലെന്നായിരുന്നു ചൈനക്ക് നല്‍കിയ ഉറപ്പ്. ഇതിന് പകരമായി അഫ്ഗാന്റെ പുനരുദ്ധാരണത്തിനായി സാമ്പത്തികം അടക്കമുള്ള പിന്തുണ നല്‍കാമെന്ന് ചൈനയും വാഗ്്ദാനം ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രസ്താവനയാണ് ഇപ്പോള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
അഫ്ഗാനുമായി ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്ഥാനമാണ് അഫ്ഗാനുള്ളത് എന്നതും ചൈനയുടെ താലിബാന്‍ പിന്തുണക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം, സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.