75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം; ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. കൊറോണ മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ചടങ്ങിന് വേദിയാകുന്ന ഡെല്‍ഹി ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഐതിഹാസിക സ്വാതന്ത്ര്യപ്പോരാട്ടത്തിന്‍റെ സ്മരണകള്‍ ഓര്‍ത്തെടുക്കാന്‍ രാജ്യതലസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങളും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. വഴിയോരങ്ങളിലും മൂവര്‍ണ പതാക നിറഞ്ഞു കഴിഞ്ഞു. ഡെല്‍ഹിയിലെ ഓഫീസുകളും മൂവര്‍ണ പ്രഭയിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഇടങ്ങളില്‍ 100 അടി ഉയരമുള്ള തൂണില്‍ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രാജ്യ തലസ്ഥാനം പഴുതടച്ച നിരീക്ഷണത്തിലാണ്. ചെങ്കോട്ട മുമ്പൊന്നും കാണാത്തവിധം സുരക്ഷാവലയത്തിലാണ്. മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, എന്നിവിടങ്ങളില്‍ പൊലീസ് വിന്യാസവും ശക്തമാണ്. പുറത്തുനിന്ന് വരുന്നവര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.