കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും താലിബാന്‍ നിയന്ത്രണത്തിലായി. നാല് വശങ്ങളില്‍ നിന്നും താലിബാന്‍ ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിച്ചതോടെ കാബൂള്‍ വിമാനത്താവളം മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള ഏക വഴി.
അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും കാബൂളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയെന്ന് താലിബാന്‍ വക്താക്കള്‍ അറിയിച്ചു. തങ്ങളുടെ ആളുകള്‍ പ്രവേശന കവാടങ്ങളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും താലിബാന്‍ പറയുന്നു.
സംഘര്‍ഷത്തിലേക്ക് പോകാന്‍ താല്പര്യമില്ലെന്നും അതിനാല്‍ അഫ്ഗാന്‍ സൈന്യത്തോട് കീഴടങ്ങാനും താലിബാന്‍ ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിലൂടെ അധികാരം പിടിക്കാന്‍ ഉദ്ദേശമില്ലെന്നും താലിബാന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലെ പ്രമുഖ നഗരങ്ങളെല്ലാം താലിബാന്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ രാജ്യം താലിബാന്‍ അധിനിവേശത്തിലേക്ക് നീങ്ങുകയായിരുന്നു.
ഞായറാഴ്ചയോടെ നാലാമത്തെ വലിയ നഗരമായ ജലാലാബാദിന്റെ നിയന്ത്രണം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. മസാര്‍-ഇ-ഷെരീഫിന്റെ വടക്കന്‍ താലിബാന്‍ വിരുദ്ധ കേന്ദ്രം പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് കാബൂള്‍ പിടിച്ചെടുത്തതായി താലിബാന്‍ വ്യക്തമാക്കിയത്.
അതേസമയം, ആരും ഭയക്കേണ്ടതില്ലെന്നും കാബുള്‍ സുരക്ഷിതമാണെന്നും അഷറഫ് ഗാനിയുടെ സ്റ്റാഫ് അംഗമായിരുന്ന മാതിന്‍ ബെക് ട്വീറ്റ് ചെയ്തു.