വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം; പ്രതി പോലീസ് പിടിയില്‍

കൊല്ലം: തെന്മലയില്‍ വിനോദയാത്ര പോയ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന പ്രതി പോലീസ് പിടിയില്‍. കുന്നിക്കോട് ലക്ഷ്മി നിവാസില്‍ കൃഷ്ണപിള്ള മകന്‍ ലാല്‍കുമാറിനെ (34) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കൊല്ലം പുനലൂര്‍ റോഡില്‍ കുന്നിക്കോടിന് സമീപം ചേത്തടിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് മദ്യലഹരിയില്‍ ലാല്‍ കുമാര്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ബൈക്ക് യാത്രക്കാരായിരുന്ന കേരളപുരം വസന്ത നിലയം വീട്ടില്‍ വിജയന്റെ മകന്‍ ബിഎന്‍ ഗോവിന്ദ് (20), കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ പട്ടോളിവയല്‍ മുറിയില്‍ ചൈതന്യം വീട്ടില്‍ അജയന്‍ മകള്‍ ചൈതന്യ (19) എന്നിവരാണ് മരണപ്പെട്ടത്. തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.തെന്മല ഭാഗത്തേക്ക് അഞ്ചു ബൈക്കുകളിലായി വിനോദയാത്രയ്ക്കായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചവര്‍. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം.

അമിത വേഗത്തിലെത്തിയ കാറുമായി ഗോവിന്ദിന്റെ ബുള്ളറ്റ് കൂട്ടി ഇടിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ ലാല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.