ഇന്ത്യാ വിഭജന ഭീകരതയുടെ ഓര്‍മ്മദിനമായി ഓഗസ്റ്റ് 14 ആചരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിന തലേന്ന് ഓഗസ്റ്റ് 14 – വിഭജന ഭീകരതയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നാളെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വിഭജന സമയത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെയും വിഭജനത്തിന്റെ മുറിപ്പാടുകളുടെ സ്മരണകള്‍ക്കും വേണ്ടിയാണ് ഓഗസറ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ്മദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”രാജ്യത്തിന് വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല, നിസ്സാരമായ വിദ്വേഷവും അക്രമവും മൂലം ദശലക്ഷകണക്കിന് സഹോദരങ്ങള്‍ പലായനം ചെയ്തു.

അനേകര്‍ക്ക് ജിവന്‍ നഷ്ടമായി. ഈ ത്യാഗങ്ങളുടേയും ജനങ്ങളുടെ പോരാട്ടങ്ങളുടേയും സ്മരണക്കായി ഓഗസ്റ്റ് 14 ‘വിഭജന്‍ വിഭീഷണ സ്മൃതി ദിവസ്’ അല്ലെങ്കില്‍ വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി എന്നും ഓര്‍ക്കും.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഈ ദിനം വിവേചനത്തിന്റേയും ശത്രുതയുടേയും ക്രൂരതകളുടെ വിഷം ഇല്ലാതാക്കാന്‍ നമ്മെ പ്രചോദിപ്പിക്കും. ഐക്യവും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യും. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.