കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തതോടെ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലെത്തി. നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. 600 സൈനികരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബ്രിട്ടണ്‍ അയച്ചത്.
അതേസമയം തലസ്ഥാനമായ കാബൂളിലേക്ക് കൂട്ടപ്പലായനം. കാബൂള്‍ ലക്ഷ്യമാക്കിയാണ് താലിബാന്റെ നിലവിലെ നീക്കം. വീടും നാടും നഷ്ടപ്പെട്ട ആയിരങ്ങള്‍ കാബൂളില്‍ അഭയം തേടുകയാണ്. വഴിയോരങ്ങളില്‍ തമ്പടിച്ചാണ് താമസം.
പട്ടിണി അതിരൂക്ഷമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. അയല്‍ രാജ്യമായ പാകിസ്ഥാനില്‍ അഭയം തേടുന്നവരും കുറവല്ല. താലിബാനു മുന്നില്‍ പെട്ടെന്ന് കീഴടങ്ങുന്ന സൈന്യത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കാബൂളിന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് താലിബാന്‍. കാബൂള്‍ കൂടാതെ ജലാലാബാദ്, മസരെ ഷെരീഫ് എന്നീ പ്രധാന നഗരങ്ങളില്‍ മാത്രമാണ് സൈന്യത്തിന്റെ നിയന്ത്രണം.
ആക്രമണം അവസാനിപ്പിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ, ലോകരാജ്യങ്ങള്‍ അഫ്ഗാന്‍ അഭായര്‍ത്ഥികള്‍ക്കായി അതിര്‍ത്തി തുറന്നിടണമെന്നും അഭ്യര്‍ത്ഥിച്ചു. സ്ഥിതി വിലയിരുത്താന്‍ യോഗം ചേര്‍ന്ന നാറ്റോ സൈന്യം അഫ്ഗാന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.