ചെന്നൈ: എല്ലാ ജാതിയില്പെട്ടവര്ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രാഹ്മണരായ 58 പേര്‍ക്ക് നിയമനം. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.
1970ല്‍ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി നിയമം പാസാക്കിയെങ്കിലും നിയമവ്യവഹാരം മൂലം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്നാണ് സ്റ്റാലിന് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടപടികള്‍ ആരംഭിച്ചത്.
പെരിയാറിൻ്റെയും കരുണാനിധിയുടെയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതായി ചടങ്ങില്‍ സ്റ്റാലിന് പറഞ്ഞു. ക്ഷേത്രങ്ങളില്‍ സംസ്കൃതത്തിനു പകരം തമിഴില്‍ വഴിപാട് നടത്താനും സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നതിനും ഡി.എം.കെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.