ചന്ദ്രനഗർ സഹകരണ ബാങ്ക് കവർച്ച; മഹാരാഷ്ട സ്വദേശി പിടിയിൽ; കവർച്ച ഒരു മാസത്തെ ആസൂത്രണത്തിന് ഒടുവിൽ

പാലക്കാട്: ചന്ദ്രനഗർ സഹകരണ ബാങ്ക് കവർച്ചാക്കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്ര സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയെയാണ് പോലീസ് സംഘം പിടികൂടിയത്. ഇയാൾ ഒറ്റയ്ക്കാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞമാസം 26-നാണ് ചന്ദ്രനഗറിലെ മരുത റോഡ് സഹകരണ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് ഏഴരക്കിലോ സ്വർണവും 18,000 രൂപയും മോഷണംപോയത്. തുടർന്ന് പോലീസിന്റെ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

സത്താറ സ്വദേശിയായ നിഖിൽ അശോക് ജോഷി നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. സഹകരണ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് മോഷണം നടത്തുന്നയാളാണ്. കവർച്ചയ്ക്കായി ഒരുമാസത്തിലേറെ ഇയാൾ പാലക്കാട്ട് താമസിച്ചിരുന്നു. കവർച്ച നടത്തിയ ശേഷം സ്വർണമെല്ലാം സത്താറയിലെ വിവിധ വ്യക്തികൾക്ക് കൈമാറിയതായാണ് വിവരം.

ബാങ്കിന് ഒരുകിലോമീറ്റർ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. തുടർന്ന് പോലീസ് സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.