അഫ്ഗാനിസ്ഥാനില്‍ സ്വാധീനം ശക്തമാക്കി താലിബാന്‍; കാണ്ഡഹാര്‍ പിടിച്ചെടുത്തു

ഹേറാത്ത്: താലിബാന് എതിരായ അഫ്ഗാനിസ്ഥാന്റെ പ്രതിരോധം പാളുന്നു. അഫ്ഗാനില്‍ സ്വാധീനം ശക്തമാക്കിയ താലിബാന്‍ ഇന്നലെ കാണ്ഡഹാര്‍ പിടിച്ചെടുത്തു. ഇതോടെ താലിബാന്‍ കീഴടക്കുന്ന പന്ത്രണ്ടാമത് പ്രവശ്യാ തലസ്ഥാനമായി കാണ്ഡഹാര്‍ മാറി. അഫ്ഗാനിസ്ഥാന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ സര്‍ക്കാരിന് സ്വാധീനം നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ 34 പ്രവശ്യാതലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും താലിബാന്‍ നിയന്ത്രണത്തിലായിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് കാണ്ഡഹാര്‍. വെള്ളിയാഴ്ചയാണ് ഇതും പിടിച്ചെടുത്തുവെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തുവരുന്നത്. കാണ്ഡഹാര്‍ പൂര്‍ണ്ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി, എന്ന് ഔദ്യോഗികമായി അംഗീകരിച്ച അക്കൗണ്ടില്‍ താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു.

ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹേറാത്തും ഇതിനോടകം താലിബാന്റെ അധീനതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ പൊലീസ് ആസ്ഥാനവും ഇവര്‍ കൈയ്യടിക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഹേറാത്ത് സര്‍ക്കാരിന് നഷ്ടമാകുന്നത്.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന സില്‍ക്ക് റോഡിന് അടുത്ത് വരെ എത്തി നില്‍ക്കുകയാണ് താലിബാന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈകാതെ തന്നെ താലിബാന്‍ തലസ്ഥാന നഗരമായ കാബൂളും പിടിച്ചെടുക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാബൂളില്‍ നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണവും ഭരണകൂടത്തിന് നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

കാബൂള്‍ പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് താലിബാന്റെ നിലവിലെ നീക്കങ്ങള്‍. ആഭ്യന്തര പോരാട്ടം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ ഒരു മാസത്തിനിടെ ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

താലിബാന്‍ പോരാട്ടം നടക്കുന്നതിനിടെ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ സൈന്യത്തെ അയക്കാനൊരു ങ്ങുകയാണ് അമേരിക്കയും ബ്രിട്ടനും. ഇതിന്റെ ഭാഗമായി മൂവായിരത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികര്‍ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്ക, ബ്രിട്ടീഷ് എംബസികളിലെ ഉദ്യോഗസ്ഥരേയും ഇരു രാജ്യങ്ങളിലേയും പൗരന്മാരേയും സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സൈന്യത്തെ അയച്ചത്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് ഭീഷണിയാകുന്ന രീതിയില്‍ കാബൂളിലേക്ക് താലിബാന്‍ മുന്നേറിയതിനെ തുടര്‍ന്നാണ് സൈന്യത്തെ അയയ്ക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.