ന്യൂഡെല്‍ഹി: ആസ്ട്രസെനെക്ക, ഫൈസര്‍ വാക്‌സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചരിപ്പിച്ച 300-ലധികം അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നിരോധിച്ചു. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകള്‍ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ചിമ്പാന്‍സിയുടെ ജീന്‍ ഉപയോഗിച്ചാണ് അസ്ട്ര സെനക വാക്‌സിന്‍ നിര്‍മ്മിച്ചത്. ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഈ വാക്‌സിനുണ്ട്. അസ്ട്ര സെനക വാക്‌സിന്‍ നിരോധിക്കണം. ഇല്ലെങ്കില്‍ അത് സ്വീകരിച്ചവര്‍ ചിമ്പാന്‍സികളായി മാറും’-എന്നായിരുന്നു പ്രചാരണം.
2020 ഡിസംബറിലാണ് ഫേസ്ബുക്കില്‍ ആദ്യമായി ഇത്തരം പോസ്റ്റുകളും മീമുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അസ്ട്ര സെനക വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിന്റെ കാലാവധി കഴിയുന്നതോടെ ചിമ്പാന്‍സിയായി മാറുമെന്നായിരുന്നു പ്രധാന പ്രചാരണം. 2021ല്‍ ഫൈസര്‍ വാക്‌സിന്റെ സുരക്ഷയെ സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചു.
‘സ്റ്റോപ് ആസ്ട്രസെനെക്ക’, ‘ആസ്ട്രസെനെക്ക കില്‍സ്’ തുടങ്ങിയ ഹാഷ്ടാഗ് അടക്കം ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ടു. ഡിസംബര്‍ 14 നും 21 നും ഇടയില്‍ ഈ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുന്ന ഏകദേശം 10,000 പോസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ഫേസ്ബുക്ക് പറഞ്ഞു.
65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും പോളിസി ലംഘിച്ചതിനെ തുടര്‍ന്ന് നിരോധിച്ചെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. 12ലേറെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ വ്യാജപ്രചാരണം നടത്തി. എന്നാല്‍ വേണ്ടത്ര ഓഡിയന്‍സിനെ ലഭിച്ചില്ലെന്നും ഫേസ്ബുക്ക് ഗ്ലോബല്‍ ഐഒ ത്രെട്ട് ഇന്റലിജന്റ്‌സ് ലീഡ് ബെന്‍ നിമ്മോ പറഞ്ഞു.