ന്യൂഡെൽഹി: പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളികളായ രണ്ടുപേർ കൊല്ലപ്പെട്ടു. ഗാസിയാബാദ് ലോനി സ്വദേശി അമിർഖാൻ, വാസിർപുർ സ്വദേശി രജ്മാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഡെൽഹി ഖജൗരി ഖാസിലെ ശ്രീരാം കോളനിയിലാണ് പോലീസും ക്രിമിനൽ കേസ് പ്രതികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഇരുവരും ശ്രീരാം കോളനിയിലെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇവിടേക്കെത്തിയത്. തുടർന്ന് പ്രതികളുടെ താമസസ്ഥലം കണ്ടെത്തി മുറിയുടെ വാതിൽ തുറക്കാനും കീഴടങ്ങാനും ആവശ്യപ്പെട്ടു. എന്നാൽ പോലീസിനെ പ്രതിരോധിക്കാൻ ശ്രമിച്ച ഇരുവരും പോലീസ് സംഘത്തിന് നേരേ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സമീപത്തെ മുറികളിൽ താമസിച്ചിരുന്നവരെ പോലീസ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു.
ഏകദേശം ഒരുമണിക്കൂറോളമാണ് പ്രതികൾ കീഴടങ്ങുമെന്ന പ്രതീക്ഷയിൽ പോലീസ് സംഘം കാത്തിരുന്നത്. ഇവർ താമസസ്ഥലത്ത് നിന്ന് രക്ഷപ്പെടാതിരിക്കാൻ ചുറ്റിലും കാവൽ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതികൾ സ്വമേധയാ പുറത്തേക്ക് വരില്ലെന്ന് കണ്ടതോടെ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കാനായി പോലീസിന്റെ ശ്രമം. ഇതോടെ വീണ്ടും വെടിവെപ്പുണ്ടാവുകയും പോലീസ് തിരിച്ചടിക്കുകയുമായിരുന്നു.
വെടിവെപ്പിൽ കോൺസ്റ്റബിൾമാരായ സച്ചിൻ ഖോകർ, കാലിക് തോമർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ജെ.പി.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ പിടികിട്ടാപ്പുള്ളികളെയും ഇതേ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടമാർ പറഞ്ഞു.
പ്രതികളുടെ താമസസ്ഥലത്തുനിന്ന് ഓട്ടോമാറ്റിക് പിസ്റ്റളുകൾ, വെടിയുണ്ടകൾ, വെടിമരുന്നുകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.